കെ എസ് എഫ് ഇ പ്രവാസി ചിട്ടി രജിസ്‌ട്രേഷൻ ആരംഭിച്ചിട്ട് ഒരു വർഷം തികയുകയാണ്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന വേളയിൽ ഒരു തിരിഞ്ഞുനോട്ടം നല്ലതല്ലേ? ബാലാരിഷ്ടതകളുടെ വേലിക്കെട്ടുകൾ ചാടി കടന്ന് അതിവേഗം മുന്നേറുമ്പോൾ ചില വഴികാഴ്ചകൾ അഭിമാനപൂർവ്വം ഓർത്തെടുക്കാം.
സമാനതകളില്ലാത്ത ഒരു വെല്ലുവിളിയായിരുന്നു ചിട്ടി എന്ന സങ്കീർണ്ണമായ ഒരു സാമ്പത്തിക ഉപകരണത്തെ വെബ്-അധിഷ്ഠിത ചട്ടക്കൂടിലേക്ക് സ്വാംശീകരിക്കുക എന്നത്. ഒരു പരിധിവരെ അസാധ്യമെന്ന് കരുതിയ ആ പ്രക്രിയ കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കാൻ സഹായിച്ച എല്ലാവരെയും നന്ദിയോടെ സ്മരിക്കുന്നു. അതോടൊപ്പം ലോകത്ത് തന്നെ ആദ്യമായി ഇത്തരം ഒരു പദ്ധതി അവതരിപ്പിക്കുമ്പോൾ അത് ഇരുകൈയ്യോടെ സ്വീകരിച്ച, തെറ്റ് കുറ്റങ്ങൾ തിരുത്താൻ നിർദ്ദേശങ്ങൾ നൽകിയ, നിങ്ങളോരോരുത്തരോടും ഞങ്ങൾ ഹാർദ്ദമായ നന്ദിയും കടപ്പാടും അറിയിക്കുന്നു.
നിലവിലെ സ്ഥിതി
ഇന്ന് GCC രാജ്യങ്ങളിലും യൂറോപ്പിലും ഉള്ള പ്രവാസി മലയാളികൾക്ക് വെബ്സൈറ്റിലൂടെയോ മൊബൈൽ ആപ്പ്ളിക്കേഷൻ ഉപയോഗിച്ചോ ഏതു സമയത്തും ചിട്ടിയിൽ ചേരാനാവും. പ്രത്യേകതകൾ അനവധിയാണ്: വേഗമേറിയ രജിസ്‌ട്രേഷൻ നടപടികൾ, 24 x 7 കാൾ സെൻറ്റർ സർവീസ്, Live chat/email/Facebook/WhatsApp ഹെൽപ്‌ഡെസ്‌ക്, കൂടാതെ ജാമ്യസംബന്ധമായ നടപടികൾ സുഗമമാക്കാൻ നാട്ടിലുള്ള 567 കെ എസ് എഫ് ഇ ശാഖകളും.
ഇതുവരെ 19700 പേർ KYC ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കികഴിഞ്ഞു. 2018 ജൂൺ 18 ന് രജിസ്‌ട്രേഷൻ ആരംഭിച്ചെങ്കിലും ചിട്ടികളിൽ വരിക്കാരെ ചേർത്ത് തുടങ്ങിയത് ഒക്ടോബര് 25 മുതലാണ്. എങ്കിൽ പോലും 5478 പേർ ഒന്നോ അതിലധികമോ ചിട്ടികളിൽ വരിക്കാരായി ചേർന്നു കഴിഞ്ഞു. 221 ചിട്ടികൾ ഇതുവരെ രജിസ്റ്റർ ചെയ്തു.
നാടിൻറെ വികസനത്തിൽ പങ്കാളിത്തം
മറ്റെല്ലാ സമ്പാദ്യപദ്ധതികളിൽ നിന്നും പ്രവാസി ചിട്ടികൾ വ്യത്യസ്തമാക്കുന്നത് നാടിൻറെ വികസനത്തിന് അത് വഹിക്കുന്ന പങ്കാണ്. ചിട്ടികളിൽ ചേരുന്ന പ്രവാസികൾക്ക് അതിലൂടെ ജന്മ നാടിൻറെ അടിസ്ഥാന സൗകര്യ വികസനത്തിൽ ഭാഗഭാക്കാവാം. മറ്റ് സംഭാവനകളൊന്നും നൽകാതെ തന്നെ പ്രവാസി ചിട്ടിയിൽ നിക്ഷേപിക്കുന്ന പണം കിഫ്‌ബി ബോണ്ടുകളിൽ നിക്ഷേപിക്കപ്പെടും. അത് വഴി വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കപ്പെടും. മലയോര ഹൈവേ, തീരദേശ ഹൈവേ, റോഡുകൾ, പാലങ്ങൾ എന്നിങ്ങനെയുള്ള വൻ പദ്ധതികൾ നടപ്പിലാക്കുന്നതിനാണ് പ്രവാസിചിട്ടി വഴി സമാഹരിക്കുന്ന തുക പ്രയോജനപ്പെടുത്തുക.
നാളിതുവരെ ഏകദേശം 500 പദ്ധതികളിലായി 41000 കോടി രൂപയാണ് കിഫ്‌ബി വികസന പ്രവർത്തനങ്ങൾക്കു മാത്രമായി അനുവദിച്ചിരിക്കുന്നത്.
മുന്നേറാൻ ഇനിയുമേറെ...
നിലവിൽ ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും ഉള്ളവർക്കാണ് ചേരാനാകുന്നത്. ഉടൻ തന്നെ മറ്റു രാജ്യങ്ങളിൽ കൂടി വ്യാപിപ്പിക്കുന്നതാണ്. വിദേശ രാജ്യങ്ങളിലെ ഏജൻസികൾ വഴി രജിസ്‌ട്രേഷൻ പൂർത്തിയാക്കുന്നതിനു പണമടക്കുന്നതിനുള്ള സംവിധാനം ഒരുക്കും.
തുടക്കത്തിൽ ഉണ്ടായിരുന്ന തടസ്സങ്ങളെല്ലാം മാറി മണിക്കൂറുകൾക്കുള്ളിൽ രജിസ്‌ട്രേഷൻ, KYC നടപടികൾ പൂർത്തിയാക്കി ചിട്ടികളിൽ ചേരാവുന്ന നിലയിലേക്ക് സാങ്കേതിക സംവിധാനങ്ങൾ മാറിയതോടെ അനുദിനം കസ്റ്റമേഴ്സിന്റെ എണ്ണത്തിൽ വൻ വർദ്ധനവ് ആണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇത് വരെ താങ്കൾ നൽകിയ പിന്തുണയും നിർദ്ദേശങ്ങളുമാണ് ഈ പദ്ധതിയുടെ നട്ടെല്ല് . ഇനിയും ഇത്തരം സ്‌നേഹപൂർണമായ ഇടപെടലുകൾ പ്രതീക്ഷിച്ചു കൊള്ളട്ടെ.
ചിട്ടിയിൽ ചേരുന്നതിന് സന്ദർശിക്കുക:
https://portal.pravasi.ksfe.com/index.php
https://portal.pravasi.ksfe.com/index.php
No comments:
Post a Comment